ADVERTISEMENT
കോട്ടയം: മഴയത്തും ടാപ്പിംഗ് സുഗമമായി നടത്താന്‍ റബര്‍ത്തോട്ടങ്ങള്‍ പാവാടയണിഞ്ഞു. റബര്‍ ഏറെയുള്ള ജില്ലയുടെ മലയോരമേഖലയിലെ ഭൂരിഭാഗം റബര്‍ത്തോട്ടങ്ങളും മഴക്കാല ടാപ്പിംഗിനായി പ്ലാസ്റ്റിക്കും ഷെയ്ഡും ഇട്ടുകഴിഞ്ഞു. ജനുവരിയില്‍ ടാപ്പിംഗ് നിര്‍ത്തിയ തോട്ടങ്ങളിലും കഴിഞ്ഞ വര്‍ഷം ടാപ്പിംഗ് നടത്താത്ത തോട്ടങ്ങളിലുമാണ് ഇത്തവണ കൂടുതലായും ഷെയ്ഡ് ഇട്ടിരിക്കുന്നത്.
ചെറിയ മരങ്ങള്‍ക്ക് ടാപ്പിംഗ് ഷെയ്ഡും വലിയ മരങ്ങള്‍ക്ക് പ്ലാസ്റ്റിക് റെയിന്‍ ഗാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. ടാപ്പിംഗ് ഷെയ്ഡും റെയിന്‍ ഗാര്‍ഡും ഇടുന്നതു വെട്ടുപട്ട മൂടിക്കിടക്കുന്നതിനാല്‍ വെട്ടുപട്ട നനയുകയില്ല. ഇതുമൂലം ടാപ്പിംഗ് സുഗമമായി നടത്താം.
മഴക്കാലത്ത് ടാപ്പിംഗ് ദിവസങ്ങള്‍ കൂട്ടാന്‍ റെയിന്‍ ഗാര്‍ഡ് ഇടുന്നത് കര്‍ഷകര്‍ക്ക് സഹായകരമാണ്. ഒരു വര്‍ഷം മഴമൂലം എഴുപതിലേറെ ടാപ്പിംഗ് ദിവസങ്ങള്‍ നഷ്ടപ്പെടുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് പകുതികണ്ടു കുറയ്ക്കാന്‍ റെയിന്‍ ഗാര്‍ഡിനു കഴിയും.
മഴവെള്ളം കടക്കാതെ വെട്ടുപട്ട മൂടിക്കിടക്കുംവിധം പോളിത്തീന്‍ ഷീറ്റു ഞൊറിഞ്ഞു പാവാടപോലെ ചുറ്റുമായി പിടിപ്പിക്കുന്നതാണ് റെയിന്‍ ഗാര്‍ഡ്. വെട്ടുപട്ട മൂടിക്കിടക്കാത്തവിധമുള്ള ഷെയ്ഡുകളാണ് തൈമരങ്ങള്‍ക്ക് ഇടുന്നത്.
മഴയ്ക്കു മുമ്പുതന്നെ വലിയ തോട്ടങ്ങള്‍ ഉള്‍പ്പെടെ റെയിന്‍ ഗാര്‍ഡ് ഇട്ടിരുന്നു. എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്കു സാധിച്ചില്ല. ഇത്തരക്കാര്‍ ഇപ്പോള്‍ മഴയുടെ ശമനം നോക്കിയാണു പണികള്‍ നടത്തുന്നത്.
പ്ലാസ്റ്റിക് കടലാസ്, ടാര്‍ നിര്‍മിത പശ, ടേപ്പ്, ക്ലിപ്പ് തുടങ്ങി റെയിന്‍ ഗാര്‍ഡ് പിടിപ്പിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ റബര്‍ ബോര്‍ഡ് 100 ശതമാനം സബ്സിഡി നിരക്കിലും രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് റെയിന്‍ ഗാര്‍ഡ് സംവിധാനം ഒരുക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റും പശയും റബര്‍ ഉത്പാദക സംഘങ്ങള്‍ മുഖേന പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തിയും വിതരണം ചെയ്യുന്നുണ്ട്.
മാര്‍ച്ചില്‍ ഇതിനുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കി പണമടച്ച കര്‍ഷകര്‍ക്കാണു വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക്കിടുന്നതിന് മരത്തിന് 55 രൂപയോളം ചെലവു വരും. പ്ലാസ്റ്റിക്ക് പിടിപ്പിച്ചു തരുന്നതിനു മരത്തിനു 10-12 രൂപയാണു കൂലി. പലയിടത്തും കൂലിയില്‍ നേരിയ വ്യത്യാസവുമുണ്ട്.
വെട്ടുപട്ടയ്ക്ക് മുകളിലായി പശ തേക്കേണ്ട സ്ഥലത്തെ തൊലിയിലെ മൊരി ചുരണ്ടിക്കളഞ്ഞ് പശ തേച്ച് ഞൊറിവച്ച് പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിക്കും. അതിനുമുകളില്‍ മഴവെള്ളം ഇറങ്ങാത്ത രീതിയില്‍ ടേപ്പ് ഒട്ടിച്ച് സ്ട്രാപ്ലര്‍ ക്ലിപ്പ് ചെയ്താണ് മരങ്ങളില്‍ റെയിന്‍ ഗാര്‍ഡ് പിടിപ്പിക്കുന്നത്.
പ്രാദേശിക റബര്‍ ഉത്പാദക സൊസൈറ്റികള്‍ വഴി പ്ലാസ്റ്റിക്ക് സാമഗ്രികള്‍ എത്തിയെങ്കിലും കര്‍ഷകര്‍ക്ക് പൂര്‍ണമായ തോതില്‍ ലഭിക്കാത്തതിനാല്‍ പൊതുവിപണിയില്‍നിന്ന് വാങ്ങേണ്ട സ്ഥിതിയുമുണ്ട്.