ADVERTISEMENT
പാരീസ്: ലോക അത്ലറ്റിക്സില് ഇന്ത്യയുടെ പ്യാര്, നീരജ് ചോപ്രയ്ക്കു പാരീസ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം കുറിച്ച് നീരജ് ചോപ്ര സ്വര്‍ണത്തില്‍ മുത്തമിട്ടു. മത്സരത്തില്‍ നീരജിന്റെ ആദ്യ ശ്രമത്തിലാണ് ഈ ദൂരം കുറിക്കപ്പെട്ടത്.
രണ്ടാം ശ്രമത്തില്‍ 85.10 മീറ്ററിലേക്കു താഴ്ന്നു. മൂന്ന്, നാല്, അഞ്ച് ശ്രമങ്ങള്‍ ഫൗളായി. ആറാമത്തെ ശ്രമത്തില്‍ 82.89 മീറ്റര്‍ മാത്രമേ ജാവലിന്‍ പായിക്കാന്‍ സാധിച്ചുള്ളൂ. ടോക്കിയോ, പാരീസ് ഒളിമ്പിക് മെഡലിസ്റ്റായ നീരജ് ചോപ്രയുടെ 2025 സീസണിലെ ആദ്യ സുപ്രധാന മെഡലാണിത്.
ദോഹ ഡയമണ്ട് ലീഗിലും പോളണ്ടില്‍ നടന്ന ജാനൂസ് കുസോസിന്‍സ്കി മെമ്മോറിയലിലും നീരജിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിനു പാരീസില്‍ വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 87.88 മീറ്ററാണ് ജൂലിയന്‍ വെബ്ബറിന്റെ ദൂരം. ആദ്യശ്രമത്തിലാണ് വെബ്ബറും ഈ ദൂരം കുറിച്ചത്. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡസില്വയ്ക്കാണ് (86.62) വെങ്കലം. ബ്രസീല്‍ താരത്തിന്റെ മികച്ച വ്യക്തിഗത ദൂരമാണിത്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് ചോപ്ര ഒരു ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്നത്. 2023 ജൂലൈ ഒന്നിനു നടന്ന ലോസാന്‍ ഡയമണ്ട് ലീഗിലായിരുന്നു അവസാന സ്വര്‍ണം. അന്ന് 87.66 മീറ്ററിലായിരുന്നു നീരജ് സ്വര്‍ണത്തില്‍ എത്തിയത്. 2023 സീസണിലെ ആദ്യപോരാട്ടമായ ദോഹ ഡയമണ്ട് ലീഗിലും ഇന്ത്യന്‍ താരത്തിനായിരുന്നു സ്വര്‍ണം. 2023 ലോസാന്‍ പോരാട്ടത്തിനുശേഷം പങ്കെടുത്ത രണ്ട് ഫൈനല്‍ അടക്കം എട്ട് ഡയമണ്ട് ലീഗിലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു.
ഇതോടെ 2022 ഫൈനല്‍ അടക്കം അഞ്ച് ഡയമണ്ട് ലീഗ് സ്വര്‍ണം നീരജ് ചോപ്ര സ്വന്തമാക്കി. ഇന്ത്യയുടെ ഏക ഡയമണ്ട് ലീഗ് ജേതാവാണ് 27കാരനായ നീരജ് ചോപ്ര.
24നു ചെക് റിപ്പബ്ലിക്കിൽ നടക്കാനിരിക്കുന്ന ഓസ്ട്രാവ ഗോള്‍ഡന്‍ സ്പൈക്ക് പോരാട്ടമാണ് നീരജ് ചോപ്ര പങ്കെടുക്കുന്ന അടുത്ത മത്സരം.
Tags : Neeraj Chopra Diamond League Paris Diamond League 2025