ADVERTISEMENT
ലീഡ്സ്: സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും വിരമിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ഇംഗ്ലണ്ടിൽ തുടക്കമാകും. യുവതലമുറയിലെ താരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരം വൈകുന്നേരം 3.30ന് ആരംഭിക്കും.
പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിനെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 സീസണിലെ ഇന്ത്യൻ ടീമിന്റെ ആദ്യമത്സരംകൂടിയാണിത്.
ഓപ്പണിംഗിൽ ജയ്സ്വാളിനൊപ്പം സായ് സുദർശൻ കളിക്കാനാണ് സാധ്യത. ഗിൽ നാലാം നമ്പറിൽ കളിക്കുമെന്ന് കഴിഞ്ഞദിവസം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് വ്യക്തമാക്കിയിരുന്നു. തുടർന്ന് പന്തും കെ.എൽ. രാഹുലും കളിക്കും.
ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും ശാർദൂൽ ഠാക്കൂറും ഇടംപിടിച്ചേക്കും. ലീഡ്സിലെ പിച്ച് പേസർമാരെ തുണയ്ക്കുന്നതാണ് ചരിത്രം. എന്നാൽ ഇത്തവണ ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ ഗുണംലഭിക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്നാണ് ചീഫ് ക്യൂറേറ്റർ റിച്ചാർഡ് റോബിൻസൺ വ്യക്തമാക്കി.
Tags :