ADVERTISEMENT
ബെർലിൻ: യൂറോപ്യൻ വൻശക്തികളായ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ ഇന്ന് ഇറാനുമായി ആണവചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്.
മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ഇന്ന് ജനീവയിൽ, ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ജർമൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
യൂറോപ്യൻ മന്ത്രിമാർ ഇതിനു മുന്പായി യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കയാ കല്ലാസുമായും ചർച്ച നടത്തും.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിനു തടയിടുക ലക്ഷ്യമിട്ടാണ് യൂറോപ്യൻ ശക്തികളുടെ നീക്കം. അമേരിക്കയും ആക്രമണത്തിൽ പങ്കെടുത്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജനീവയിൽ അടിയന്തര ചർച്ചയ്ക്കു കളമൊരുങ്ങിയത്.
ചർച്ചയ്ക്ക് അമേരിക്കൻ പിന്തുണയുണ്ടെന്നാണു സൂചന. അണ്വായുധം നിർമിക്കില്ലെന്ന ഉറപ്പ് ഇറാനിൽനിന്നു നേടി പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും പറയുന്നു.
ഇറാന്റെ ആണവപദ്ധതികൾ നശിപ്പിക്കാൻ വേണ്ടിയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. ആണവപദ്ധതികൾ സമാധാന ആവശ്യത്തിനാണെന്ന ഇറാന്റെ വാദം ഇസ്രയേലും പാശ്ചാത്യശക്തികളും അംഗീകരിക്കുന്നില്ല.