ADVERTISEMENT
ടെഹ്റൻ: ഇറാന്റെ അടുത്ത പരമോന്നത നേതാവായി പിൻഗാമികളാകേണ്ടവരുടെ പട്ടിക തയാറാക്കി ആയത്തൊള്ള അലി ഖമനയി. മൂന്നു പുരോഹിതരുടെ പേരുകളാണ് ഇറാൻ പരമോന്നത നേതാവ് സ്ഥാനത്തേക്ക് ആയത്തൊള്ള അലി ഖമനയി മുന്നോട്ട് വച്ചിരിക്കുന്നതെന്നും പട്ടികയിൽ മകന്റെ പേരില്ലെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ആശങ്ക ശക്തമാക്കിക്കൊണ്ട് അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
30,000 പൗണ്ട് ഭാരമുള്ള ബങ്കർ - ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിയുന്ന ബി 2 വിമാനം ഫോർഡോയിലെ ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾക്കെതിരെ വിന്യസിക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് ഫ്ലൈറ്റ് ട്രാക്കർ ഡാറ്റ കാണിക്കുന്നെന്നാണ് വിവരം.
മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്നാണ് ഇവ പറന്നുയർന്നതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പങ്കുചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസിലേക്ക് മടങ്ങാൻ പോകുന്നതിനിടെയാണ് യുഎസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ മിസോറിയിൽ നിന്ന് പറന്നതെന്നാണ് വിവരം.
Tags :