ADVERTISEMENT
കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷം. 14ാം വാർഡ് കൊട്ടാടിക്കുന്ന്, 15ാം വാർഡ് ചെന്നാക്കുന്ന് എന്നിവിടങ്ങളിലാണ് ഒച്ചിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്.
പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഒച്ചുശല്യം രൂക്ഷമായ സ്ഥലങ്ങളിൽ നിയന്ത്രണ നടപടികൾ ആരംഭിച്ചു. ആഫ്രിക്കൻ ഒച്ച് ബാധ റിപ്പോർട്ട് ചെയ്ത 14, 15 വാർഡുകളിൽ ഇടയിരിക്കപ്പുഴ സിഎച്ച്സിയിലെ ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാറും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷും സന്ദർശനം നടത്തി. ആഫ്രിക്കൻ ഒച്ച് നിയന്ത്രണ ഉപാധികളെ സംബന്ധിച്ച് നിർദേശങ്ങൾ നൽകി.
ചെറുകിട കര്‍ഷകര്‍ക്ക്
വലിയ നഷ്ടം
കൃഷിനാശം, രോഗവ്യാപനം, പരിസ്ഥിതിനാശം എന്നിവയില്‍ ജനങ്ങള്‍ ആശങ്കയിലാണ്. വാഴ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, കാബേജ്, കോളിഫ്ലവർ തുടങ്ങിയ വിളകളെയാണ് ഇവ നശിപ്പിക്കന്നത്. പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട കര്‍ഷകര്‍ വലിയ നഷ്ടം നേരിടുകയാണ്.
ഇവയുടെ ശരീരത്തിലുള്ള നിമാവിര മനുഷ്യരിൽ മെനിഞ്ചൈറ്റിസ് രോഗം ഉണ്ടാക്കാൻ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിനാൽ ഇവയുടെ സ്രവം ശരീരത്തിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഈർപ്പമുള്ള ജൈവാവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നിടത്തും മരങ്ങൾ തിങ്ങിനിറഞ്ഞ് സൂര്യപ്രകാശം കടക്കാത്ത സ്ഥലങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്.
പ്രതിരോധിക്കാൻ...
വീടിന്റെ ചുറ്റുപാടുകള്‍ ശുചിത്വത്തില്‍ സൂക്ഷിക്കുക, പൂക്കളിലും ചെടികളിലും പച്ചക്കറികളിലും മുട്ടകള്‍ നിരീക്ഷിക്കുക, കല്ലുപ്പ് വിതറുക എന്നിവ മാത്രമാണ് നിലവില്‍ ജനങ്ങള്‍ക്ക് പ്രായോഗികമായ പ്രധാന പ്രതിരോധം. പൊതുജന ബോധവത്കരണം അത്യാവശ്യമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തുള്ളവരെല്ലാം തുടര്‍ച്ചയായി ഒന്നിച്ച് നടത്തിയാല്‍ മാത്രമേ ഇവയെ തുരത്താനാകൂ. ആഫ്രിക്കന്‍ ഒച്ചുകള്‍ ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇവ ആഹാര ശൃംഖലയെയും ജൈവ വൈവിധ്യത്തെയും ബാധിക്കുന്നു.
ബോധവത്കരണ ക്ലാസ്
ഒച്ചുശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ചിറക്കടവ് പഞ്ചായത്തും കൃഷിഭവനും ചേർന്ന് ആഫ്രിക്കൻ ഒച്ച് - പ്രശ്നങ്ങളും നിയന്ത്രണ മാർഗങ്ങളും സംബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജയ ശ്രീധർ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ പ്രജിത പ്രകാശ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.ടി. ശോഭന, വാഴൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം, ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ്, അഭിലാഷ്, വിനോദ് എന്നിവർ പ്രസംഗിച്ചു. കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രഫ.ഡോ. സ്മിത രവി ക്ലാസ് നയിച്ചു.
Tags :