ADVERTISEMENT
കോട്ടയം: ഇന്ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ കേരളരേഖകള്‍ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്ന പദ്ധതിയായ ഗ്രന്ഥപ്പുര സംരംഭത്തിന്റെ ഭാഗമായി കോട്ടയം പബ്ലിക് ലൈബ്രറിയിലെ കേരള രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറിച്ചു.
കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ധാരണാപത്രത്തില്‍ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, ഇന്ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന് ഡയറക്ടര്‍ ഷിജു അലക്സ് എന്നിവര്‍ ഒപ്പുവച്ചു. ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി വിജയകുമാര്‍ എന്നിവരും ഫൗണ്ടേഷന് പ്രവര്‍ത്തകരായ ഡോ. ബാബു ചെറിയാന്, ടോണി ആന്റണി, ബെഞ്ചമിന്‍ വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.
1882ല്‍ ദിവാന് ടി. രാമറാവുവിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കോട്ടയം പബ്ലിക് ലൈബ്രറി കേരളത്തിലെ ആദ്യകാല ലൈബ്രറികളില്‍ ഒന്നാണ്. ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കേണ്ട അനേകം രേഖകള്‍ ലൈബ്രറിയിലുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കോട്ടയം പബ്ലിക് ലൈബ്രറിയിലെ കേരളരേഖകളുടെ ഡിജിറ്റൈസേഷന്, സിഡിറ്റുമായി സഹകരിച്ചാണ് ഇന്ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന് നടപ്പാക്കുന്നത്.
ഇന്ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ഗ്രന്ഥപ്പുര സംരംഭം ഇതിനകം 5250-തിനടുത്ത് കേരളരേഖകളിലെ അഞ്ചരലക്ഷത്തിലധികം താളുകള്‍ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.
ഇതെല്ലാം സൗജന്യമായി ഗ്രന്ഥപ്പുരയുടെ വെബ് സൈറ്റായ gpura.org/ല്‍ ലഭ്യമാണ്. ഡിജിറ്റൈസേഷന് പദ്ധതിയിലൂടെ മലയാളത്തിലെ ആദ്യകാല അച്ചടിരേഖകളുടെ പ്രമുഖമായ പുസ്തകങ്ങള്‍ പലതും ഇതിനകം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. കേരളവുമായി ബന്ധപ്പെട്ട എല്ലാത്തരം രേഖകളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുക എന്നതാണ് ഗ്രന്ഥപ്പുര സംരംഭത്തിന്റെ പ്രവര്‍ത്തനോദ്ദേശ്യം.
കേരളവുമായി ബന്ധപ്പെട്ട അച്ചടി പുസ്തകങ്ങള്‍ മാത്രമല്ല കൈയെഴുത്തു പ്രതികളും താളിയോലകളും ചിത്രങ്ങളും ചുവര് ചിത്രങ്ങളും ഓഡിയോ, വീഡിയോ തുടങ്ങി എല്ലാത്തരം രേഖപ്പെടുത്തലുകളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കാന്‍ ഗ്രന്ഥപ്പുര സംരംഭം ശ്രമിക്കുന്നുണ്ട്. നശിച്ചുകൊണ്ടിരിക്കുന്ന രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാൻ ഗ്രന്ഥപ്പുര സംരംഭം കോട്ടയത്ത് സെന്റര്‍ തുറക്കുന്നതോടെ സാധ്യമാകും. പദ്ധതിയോട് സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഗ്രന്ഥപ്പുരയുമായി ബന്ധപ്പെടാം. 91 81121 10112, contact @indicarchive.org.
Tags :