ADVERTISEMENT
ന്യൂഡൽഹി: റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റിപ്പോയിൽ 50 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയതിന്റെ ചുവടുപിടിച്ച് നിരവധി ബാങ്കുകളാണ് പലിശനിരക്ക് കുറച്ചത്. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് വായ്പാനിരക്ക് അല്ലെങ്കിൽ റിപ്പോ അധിഷ്ഠിത വായ്പാനിരക്കിലാണ് കുറവ് വരുത്തിയത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലോട്ടിങ് റേറ്റ് വായ്പ എടുത്തവരുടെയോ എടുക്കാൻ പദ്ധതിയിടുന്നവരുടെയോ ഭവനവായ്പ ചെലവ് കുറയ്ക്കുന്നതിലേക്ക് ഇത് നയിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് പലിശനിരക്ക് കുറച്ച ബാങ്കുകളുടെ പട്ടിക:
1. ഇന്ത്യൻ ഓവർസീസ് ബാങ്ക്
ജൂണ്‍ 12 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ഇന്ത്യൻ ഓവർസീസ് ബാങ്ക് റിപ്പോ ലിങ്ക്ഡ് വായ്പ നിരക്ക് 8.85 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി കുറച്ചു. 50 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്.
2.എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂണ്‍ 15 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് റിപ്പോ അധിഷ്ഠിത വായ്പാനിരക്ക് (ആർഎൽഎൽആർ) പരിഷ്കരിച്ചത്. ഏറ്റവും പുതിയ റിപ്പോ അധിഷ്ഠിത വായ്പാനിരക്ക്: 7.75 ശതമാനം+ ക്രെഡിറ്റ് റിസ്ക് പ്രീമിയം (സിആർപി) ആണ്. നേരത്തേ ഇത് 8.25 ശതമാനം + ക്രെഡിറ്റ് റിസ്ക് പ്രീമിയം (സിആർപി) ആയിരുന്നു.
3. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് വായ്പാനിരക്കിലും റിപ്പോ അധിഷ്ഠിത വായ്പാനിരക്കിലും 50 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തി. ഇബിഎൽആർ 8.25 ശതമാനമായാണ് കുറച്ചത്.
4. കാനറ ബാങ്ക്
എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന വായ്പകൾക്കുള്ള റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് 8.75 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് കാനറ ബാങ്ക് കുറച്ചത്. പുതുക്കിയ വായ്പാ നിരക്ക് ജൂണ്‍ 12 മുതൽ പ്രാബല്യത്തിൽവന്നു.
5. പഞ്ചാബ് നാഷണൽ ബാങ്ക്
ജൂണ്‍ 9 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ റിപ്പോ അധിഷ്ഠിത വായ്പാനിരക്ക് 8.85 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി പരിഷ്കരിച്ചതായി ബാങ്ക് അറിയിച്ചു. പുതിയ നിരക്ക് 50 ബേസിസ്് പോയിന്റ് കുറവ് കാണിക്കുന്നു.
6. ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ, റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (ബിആർഎൽഎൽആർ) 8.65 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി കുറച്ചു. 2025 ജൂണ്‍ 7 മുതൽ പ്രാബല്യത്തിൽ വന്നു.
7. ബാങ്ക് ഓഫ് ഇന്ത്യ
ജൂണ്‍ 6 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ബാങ്ക് ഓഫ് ഇന്ത്യയും നിരക്ക് കുറയ്ക്കൽ ശ്രേണിയിൽ ചേർന്നു. റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് (ആർബിഎൽആർ) 8.85 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി കുറച്ചു.
Tags : home loan EMIs home loan interest