ADVERTISEMENT
തലശേരി: കുട്ടിമാക്കൂൽ പെരിങ്കളത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്കു പരിക്കേറ്റു. കൈക്കും കാലിനും പരിക്കേറ്റ മൂഴിക്കര സ്വദേശികളായ കെ. പ്രണവ്, സഹോദരൻ അനുവിൻ എന്നിവർ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞദിവസം രാത്രി കണ്ണിച്ചിറ പെരിങ്കളം റോഡിലായിരുന്നു അപകടം.
തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഇളനീർവയ്പ് ചടങ്ങിൽ പങ്കെടുത്തശേഷം മൂഴിക്കരയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. കണ്ണിച്ചിറ-പെരിങ്കളം റോഡിലെത്തിയപ്പോൾ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് റോഡിന് മറുവശത്തേക്ക് കടക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണാണ് ഇരുവർക്കും പരിക്കേറ്റത്
പിന്നാലെ എത്തിയ കാർ യാത്രികരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഏതാനും ദിവസങ്ങൾക്കു മുന്പ് ഇതേ സ്ഥലത്ത് ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.
Tags : wild boar attack