ADVERTISEMENT
ആലപ്പുഴ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. ഇന്നലെ രാത്രി ഒൻപതോടെ ആലപ്പുഴ കോൺവെന്റ് ജംഗ്ഷനിലെ വീട്ടിലായിരുന്നു അന്ത്യം.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മൗണ്ട് കാർമൽ കത്തീഡ്രലിൽ.1996 നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായി. ഇടതു കോട്ടയായ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദനെതിരേ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.
1987ലും 91ലും അരൂരിൽ കെ.ആർ. ഗൗരിയമ്മയോട് പരാജയപ്പെട്ട പി.ജെ. ഫ്രാൻസിസിനെ മൂന്നാം അങ്കത്തിനായി പാർട്ടി കണ്ടെത്തിയത് ജന്മദേശമായ പൊള്ളേതൈ ഉൾപ്പെടുന്ന മാരാരിക്കുളത്തായിരുന്നു.
1991ൽ 9980 വോട്ടുകൾക്ക് കോൺഗ്രസ് നേതാവ് ഡി. സുഗതനെ പരാജയപ്പെടുത്തിയ വി.എസിനെയാണ് പി.ജെ. ഫ്രാൻസിസ് 1965 വോട്ടുകൾക്കു തോല്പിച്ചത്. സെന്റ് ജോസഫ്സ് വനിത കോളജിലെ ചരിത്ര വിഭാഗം പ്രഫസറായി വിരമിച്ച വി.പി. മറിയാമ്മയാണ് ഭാര്യ. മക്കൾ: ജോസ് (കുവൈറ്റ്), റോസ് (ഷാർജ), ടോണി (ബംഗളൂരു), റീന (ബംഗളൂരു).
Tags :