ADVERTISEMENT
കൊല്ലം: ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിലും ലിക്വിഡ് സോപ്പ് ഡിസ്പെൻസറുകൾ (കൈകഴുകൽ ) സ്ഥാപിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ഇതുവരെ എസി കോച്ചുകളിൽ മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ
ഇനി മുതൽ ഓൺ ബോർഡ് ഹൗസ് കീപ്പിംഗ് സേവനത്തോടൊപ്പം എല്ലാ നോൺ എസി സ്ലീപ്പർ റിസർവ്ഡ് കോച്ചുകളിലും കൈകഴുകൽ സൗകര്യം നൽകാനാണ് റെയിൽ മന്ത്രാലയത്തിന്റെ തീരുമാനം.
ട്രെയിനുകളിലെ ശുചിത്വ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. ഇത് അടിയന്തരമായി നടപ്പിലാക്കണമെന്ന് എല്ലാ സോണൽ റെയിൽവേ അധികാരികളോടും മന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.
ഒബിഎച്ച്എസ് ( ഓൺ ബോർഡ് ഹൗസ് കീപ്പിംഗ്) സൗകര്യമുള്ള ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളിൽ ടോയ്ലറ്റുകളിലും ഇടനാഴികളിലും വാഷ് ബേസിനുകൾക്കു സമീപമാണ് ലിക്വിഡ് സോപ്പ് ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നത്.
ട്രെയിൻ പുറപ്പെടുന്നതിനു മുമ്പ് ഇവയിൽ ലിക്വിഡ് ഹാൻഡ് വാഷ് നിറയ്ക്കും. യാത്രയ്ക്കിടയിൽ തീർന്നുപോയാൽ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാർ അത് വീണ്ടും നിറയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ്, മെയിൽ എക്സ്പ്രസ് ട്രെയിനുകളിൽ തെരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിൽ മാത്രമാണ് നിലവിൽ ഒബിഎച്ച്എസ് സൗകര്യമുള്ളത്. ഈ സൗകര്യം എല്ലാ ദീർഘദൂര ട്രെയിനുകളിലും ഏർപ്പെടുത്താനും റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Tags :