ADVERTISEMENT
തലശേരി: വിദ്യാർഥികൾ അക്കാദമിക വായനയ്ക്കപ്പുറത്തുള്ള വായനകൾക്ക് പ്രാധാന്യം നൽകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ദീപിക നമ്മുടെ ഭാഷ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലാസ് റൂമുകളിൽ സെമിനാർ അവതരിപ്പിക്കുന്നപോലെതന്നെ പ്രാധാന്യമുള്ളതാകണം പത്രവായനയും. ക്ലാസ് മുറികളിൽ ഒരു 10 മിനിറ്റ് പത്രം വായിക്കാൻ മാറ്റിവയ്ക്കുന്നത് വിദ്യാർഥികളുടെ സ്വഭാവ രൂപവത്കരണത്തെ മാറ്റിമറിക്കും. 139 വർഷം പാരന്പര്യമുള്ള ദീപിക മലയോര കർഷകനുവേണ്ടി ശബ്ദിക്കുന്ന പത്രമാണ്. എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന കാലം മുതൽ ദീപിക വായിക്കുന്ന ശീലമുള്ളയാളാണ് താൻ. വർത്തമാന കാലഘട്ടത്തിൽ പല കാര്യങ്ങളും റഫർ ചെയ്യാൻ ദീപികയെ ആശ്രയിക്കാറുണ്ടെന്നും എ.എൻ. ഷംസീർ പറഞ്ഞു.
പത്രവായന ഒരു അതിശയലോകത്തേക്കു നയിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. വിദ്യാർഥികളിൽ പത്രവായന ശീലമാക്കണം. ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങൾ അറിഞ്ഞ് ചുറ്റുവട്ടത്തോട് സംവദിക്കാനുള്ള കഴിവ് ആര്ജിക്കണം.
സമകാലിക ലോകത്തെക്കുറിച്ച് അറിയാൻ പത്രവായന ദിവസവും തുടരണം. ഇതു വിദ്യാർഥികളുടെ ഭാവി വളർച്ചയ്ക്ക് ഗുണകരമാകും. കക്ഷി-രാഷ്ട്രീയമില്ലാതെ അവശരെയും അവഗണിക്കപ്പെടുന്നവരെയും ചേർത്തുപിടിച്ചുകൊണ്ടിരിക്കുന്ന പത്രമാണ് ദീപികയെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ചടങ്ങിൽ, സംസ്ഥാന സർക്കാരും ദീപികയും ചേർന്നു നടത്തുന്ന ‘ദീപിക കിക്ക് ഔട്ട്’ ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾക്ക് സാൻജോസ് മെട്രോ പൊളിറ്റിൻ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ജോസഫ് ചൊല്ലിക്കൊടുത്തു. പരീക്ഷയിൽ മികച്ച വിജയം നേടിയ സാൻജോസ് സ്കൂളിന് ദീപിക നല്കുന്ന പുരസ്കാരവും സ്പീക്കർ സമ്മാനിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖപ്രസംഗം നടത്തി. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബെന്നി വാഴപ്പള്ളിൽ ആശംസാപ്രസംഗവും ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ സ്വാഗതവും സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. അഖിൽ മുക്കുഴി നന്ദിയും പറഞ്ഞു. ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ, അസിസ്റ്റന്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ എന്നിവർ പങ്കെടുത്തു. സ്കൂൾ വിദ്യാർഥികളുടെ രംഗപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Tags :