ADVERTISEMENT
മസ്കറ്റ്: ലോക രക്തദാന ദിനാചരണത്തോട് അനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനും ഇന്ത്യൻ എംബസി ബോഷറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ലോക രക്തദാന ദിനാഘോഷങ്ങളുടെ ഭാഗമായി ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഒമാനുമായുള്ള 70 വർഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
രക്തദാനം സാധിക്കുന്ന അവസരങ്ങളിലെല്ലാം നടത്തണമെന്നും അതിലൂടെ സഹജീവികളോടുള്ള സ്നേഹം മാത്രമല്ല സമൂഹത്തോടുള്ള കടമകൂടിയാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലഡ്ബാങ്കിന്റെ ഡോണർ അഫയർസ് സെക്ഷൻ തലവൻ മൊഹ്സിൻ അൽ ഷർയാനി രക്തദാന മേഖലയിൽ ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയ്ക്കും സേവനങ്ങൾക്കും നന്ദി പറഞ്ഞു. ഒമാനിലെ ആരോഗ്യ മേഖലയിൽ ഇന്ത്യൻ സമൂഹം നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വൈസ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഗോവിന്ദ് നേഗി, സ്പോർട്ട്സ് സെക്രട്ടറി മനോജ് റാനഡെ, ജോയിന്റ് കൾച്ചറൽ സെക്രട്ടറി രേഷ്മ ഡിക്കോസ്റ്റ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജനസേവന ലക്ഷ്യമുള്ള വിവിധ പ്രവർത്തനങ്ങളും നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ സമൂഹവും ഒമാനി സമൂഹവും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ മികവുറ്റതാക്കുകയും പൊതുസേവന രംഗത്ത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ലക്ഷ്യമിടുന്നതെന്ന് ക്യാമ്പിന്റെ മുഖ്യ സംഘാടകനും സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറിയുമായ സന്തോഷ് കുമാർ പറഞ്ഞു.
Tags : bloodcamp